by webdesk3 on | 26-04-2025 04:29:41
ലോകബാങ്ക് സഹായം സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ പരിശോധനയ്ക്കായി ലോകബാങ്ക് സംഘം കേരളത്തിലേക്ക് എത്തുന്നു. കാര്‍ഷിക മേഖലയിലെ നവീകരണത്തിനായുള്ള ലോകബാങ്ക് സഹായം സംസ്ഥാന സര്‍ക്കാര്‍ വക മാറ്റി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരള പദ്ധതിക്ക് വേണ്ടി 140 കോടിയാണ് അനുവദിച്ചത്. എന്നാല്‍ ഈ തുക സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ക്കായി മാറ്റി എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തുക അനുവദിച്ചാല്‍ ഈ പണം ഒരാഴ്ചക്കകം പദ്ധതിയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് കരാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ചത് സര്‍ക്കാര്‍ വീഴ്ചയാണെന്നും ലോകബാക്ക് വിലയിരുത്തുന്നു.
കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേണ്‍ലൈസേഷന്‍ പ്രോജക്ട് അഥവാ കേര എന്നത് കാലാവസ്ഥ വ്യതിയാനം ചെറുക്കാനും മൂല്യ വര്‍ധിക കാര്‍ഷിക ഉല്‍പ്പന്നങ്ങളും ചെറുകിട സ്വകാര്യ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിടുന്ന പദ്ധതിയാണ്. ആകെ 2366 കോടി രൂപയുടേതാണ് പദ്ധതി.
ഇതിനായി 1656 കോടി ലോക ബാങ്ക് സഹായവും 710 കോടി സംസ്ഥാന വിഹിതവും ആയിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ 139.66 കോടി മാര്‍ച്ച് 17നാണ് കേന്ദ്രം കൈമാറിയത്. ഈ തുക ഒരാഴ്ചക്കുള്ളില്‍ കൈമാറണം എന്നാണ് കരാര്‍ വ്യവസ്ഥ എങ്കിലും അഞ്ചാഴ്ച കഴിഞ്ഞിട്ടും പണം കേര പദ്ധതിയുടെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ മാറ്റിയില്ല. സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ക്കായാണ് ഈ പണം ധനവകുപ്പ് പിടിച്ചുവെച്ചത് എന്നാണ് കണ്ടെത്തിയിരിക്കുത്.