News Kerala

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

Axenews | ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

by webdesk2 on | 26-04-2025 11:21:21 Last Updated by webdesk3

Share: Share on WhatsApp Visits: 5


ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു. രാവിലെ 9.52ന് കോഴിക്കോട് മലാപ്പറമ്പിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്നു. എഴുത്തുകാരന്‍, അധ്യാപകന്‍, ചരിത്ര ഗവേഷകന്‍, സാഹിത്യ നിരൂപകന്‍, തുടങ്ങി വിവിധ മേഖലകളില്‍ ഡോ എംജിഎസ് നാരായണന്റെ സംഭാവനകള്‍ അനവധിയാണ്.

ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറിയും ചെയര്‍മാനും ആയിരുന്നു.എംജിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എംജിഎസ് നാരായണന്‍, കേരള ചരിത്ര പഠനങ്ങള്‍ക്ക് രീതിശാസ്ത്രപരമായ അടിത്തറ പാകിയ അധ്യാപകനായാണ് വിലയിരുത്തപ്പെടുന്നത്. ഭാഷാ വ്യാകരണത്തിലും പ്രാചീന ലിപികളിലും എംജിഎസ് നടത്തിയ പഠനങ്ങള്‍ സമാനതകളില്ലാത്തതാണ്. 200 ലേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുളള അദ്ദേഹത്തിന്റെ പെരുമാള്‍സ് ഓഫ് കേരള എന്ന പേരില്‍ പ്രസിദ്ധീകരിച്ച പഠനമാണ് മാസ്റ്റര്‍പീസ്.

ലണ്ടന്‍, മോസ്‌കോ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സുപ്രധാന സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. . കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം തലവന്‍, ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെംബര്‍ സെക്രട്ടറി-ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

1932 ഓഗസ്റ്റ് 20ന് പൊന്നാനിയിലാണ് മുറ്റായില്‍ ഗോവിന്ദ മേനോന്‍ ശങ്കരനാരായണന്‍ എന്ന എംജിഎസ് നാരായണന്‍ ജനിച്ചത്. പിതാവ് ഗോവിന്ദ മേനോന്‍ ഡോക്ടറായിരുന്നു. പരപ്പനങ്ങാടി ബിഇഎം സ്‌കൂള്‍, പൊന്നാനി എവി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ഇന്റര്‍മീഡിയറ്റ് പഠനത്തിന് ശേഷം ഫാറൂഖ് കോളജില്‍ ബിഎ ഇക്കണോമിക്സ് പഠിക്കാന്‍ ചേര്‍ന്നെങ്കിലും സുഹൃത്തുക്കളുടെ നിര്‍ബന്ധം കൊണ്ട് തൃശൂര്‍ കേരള വര്‍മ്മ കോളജിലേക്ക് മാറി. ബിരുദം നേടിയ ശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ എം എ ഇംഗ്ലീഷ് പഠിക്കാന്‍ തീരുമാനിച്ചു. പക്ഷേ പ്രവേശനം കിട്ടിയത് ചരിത്രത്തിനാണ്. അങ്ങനെയാണ് ചരിത്ര വഴിയില്‍ എത്തിച്ചേര്‍ന്നത്.




Share:

Search

Recent News
Popular News
Top Trending


Leave a Comment