by webdesk2 on | 21-04-2025 01:40:38 Last Updated by webdesk2
ഹോട്ടല്‍ മുറിയില്‍ നിന്ന് ഗൂണ്ടകളെ കണ്ടാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഓടിയെങ്കില്‍ എന്തുകൊണ്ട് അത് പൊലീസില്‍ അറിയിച്ചില്ലെന്ന് സിറ്റിപൊലീസ് കമ്മിഷണര്‍. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ലെന്നും കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ചില മൊഴികള്‍ അന്വേഷിക്കുന്നുണ്ടെന്നും സിറ്റിപൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ആവശ്യമെങ്കില്‍ ഷൈന്‍ ടോം ചാക്കോയെ വീണ്ടും വിളിപ്പിക്കുമെന്നും സിറ്റിപൊലീസ് കമ്മിഷണര്‍.
കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ഷൈന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ സാഹചര്യവും ഷൈന്‍ നല്‍കിയ മൊഴികളുമാണ് അന്വേഷണത്തിന് കാരണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഷൈന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. ഇപ്പോള്‍ അന്വേഷണം നടക്കുന്നത് പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ അറസ്റ്റ്, കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ രാസ പരിശോധന ഫലം വന്ന ശേഷമാകും തീരുമാനമെന്നും അദേഹം വ്യക്തമാക്കി.
ലഹരി ഇടപാടുകാരന്‍ സജീറിനായി അന്വേഷണം പുരോഗമിക്കുന്നു. കൂടാതെ സിനിമ മേഖലയില്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് സിറ്റിപൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.