by webdesk3 on | 17-04-2025 11:59:46 Last Updated by webdesk3
ചീഫ് സെക്രട്ടറിയുടെ ഹിയറിങ്ങിലെ വിവരം പങ്കുവെച്ച് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. സര്‍ക്കാരിനെതിരെ താനിതുവരെ ഒരു കേസും കൊടുത്തിട്ടില്ലെന്നും അതിനുള്ള സാഹചര്യം ഒരുക്കരുത് എന്നുമാണ് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത്
പ്രശാന്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്നത്തെ ഹിയറിങ്ങിന്റെ വിശേഷങ്ങള്‍ ചോദിച്ച് വന്ന അനവധി മെസേജുകള്‍ക്കും കോളുകള്‍ക്കും മറുപടി ഇടാന്‍ സാധിക്കാത്ത വിധം തിരക്കിലായിപ്പോയി. വിശദമായ കുറിപ്പിടാന്‍ ശ്രമിക്കാം. ഹിയറിങ്ങില്‍ പറഞ്ഞതിന്റെ സാരാംശം ഇത്രയാണ്:
1. ആറ് മാസത്തില്‍ തീര്‍പ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വര്‍ഷമായിട്ടും ഫയല്‍ പൂഴ്ത്തി വെച്ച്, അതിന്റെ പേരില്‍ 2022 മുതല്‍ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വെച്ച എന്റെ പ്രമോഷന്‍ ഉടനടി നല്‍കണം. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്.
2. ?ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ വീണ്ടുമൊരു അന്വേഷണം തുടങ്ങാന്‍ ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണം.
3. ?ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ ക്രിമിനല്‍ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാണിക്കലും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കേസെടുക്കണം.
4. ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവര്‍ത്തിച്ചിട്ട് ന്നാ താന്‍ പോയി കേസ് കൊട് എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. ഞാനിതുവരെ സര്‍ക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യം ഒരുക്കരുത്.
5. ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്‌പെന്‍ഷന്‍ തിരക്കിട്ട് പിന്‍വലിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്ത് ശ്വാസം മുട്ടാന്‍ ഞാന്‍ ഗോപാലകൃഷ്ണനല്ല.