by webdesk2 on | 17-04-2025 10:05:42 Last Updated by webdesk2
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് നല്‍കിയതുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി എന്‍സിഇആര്‍ടി. സംഗീതവുമായി ബന്ധപ്പെട്ട പേരുകളാണ് തലക്കെട്ടായി ഹിന്ദിയില്‍ നല്‍കിയതെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
കുട്ടികളെ ഇന്ത്യന്‍ പൈതൃകവുമായി കൂടുതല്‍ അടുപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും എന്‍സിഇആര്‍ടി വ്യക്തമാക്കി. മൃദംഗ്, സന്തൂര്‍ അടക്കമുള്ള ഹിന്ദി തലക്കെട്ടുകള്‍ സംഗീത പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ സംഗീത പാരമ്പര്യം ഒന്നാണെന്നും എന്‍സിആര്‍ടി പറയുന്നു. പുതിയ വിദ്യഭ്യാസ നയത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ തലക്കെട്ടുകളില്‍ മാറ്റം വരുത്തിതതെന്നാണ് വിശദീകരണം. ഇംഗ്ലീഷ് പാഠപുസ്തകങ്ങള്‍ക്ക് മാത്രമല്ല മാത്തമാറ്റിക്സ് പാഠപുസ്തകങ്ങളിലും ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും എന്‍സിആര്‍ടി വ്യക്തമാക്കി.
ഭാഷ ആനന്ദത്തിന്റെതാണെന്നും അടിച്ചേല്‍പ്പിക്കലിന്റെത് അല്ലെന്നും എന്‍സിഇആര്‍ടി പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ സംഗീത പൈതൃകത്തിന്റെ ഘടകങ്ങള്‍ രാജ്യത്തെ എല്ലാ ഭാഷയിലും പൊതുവായുള്ളതാണ്. ഭാഷാപരമായ മുന്‍ഗണനാടിസ്ഥാനത്തില്‍ അല്ല പേരുകള്‍ നല്‍കിയിരിക്കുന്നത്. കുട്ടികളെ ഇന്ത്യന്‍ പൈതൃകവുമായി കൂടുതല്‍ അടുപ്പിക്കുന്നതിനാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷയില്‍ പരിചയവും അഭിമാനവും സ്വന്തം എന്ന തോന്നലും ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് എന്‍സിഇആര്‍ടി പറഞ്ഞു.