by webdesk2 on | 14-04-2025 07:43:41 Last Updated by webdesk2
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക്(പിഎന്‍ബി) തട്ടിപ്പ് കേസില്‍ പ്രതിയായ വ്യവസായി മെഹുല്‍ ചോക്‌സിയെ തിരികെ എത്തിക്കാന്‍ ഇന്ത്യന്‍ സംഘം ബെല്‍ജിയത്തിലേക്ക് പോകും. ബെല്‍ജിയന്‍ പൗരയായ ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പില്‍ താമസിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിയമനടപടികള്‍ വേഗത്തില്‍ ആക്കുന്നതിനാണ് പ്രത്യേക സംഘത്തെ അയക്കുന്നത്. ഇ ഡി, സി ബി ഐ, വിദേശ കാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ബെല്‍ജിയത്തിലേക്ക് പുറപ്പെടുന്നത്.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തനിക്ക് യാത്ര ചെയ്യാന്‍ ആകില്ലെന്നും, ഇന്ത്യക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് ചോക്‌സിയും നിയമ നടപടികള്‍ ആരംഭിച്ചതായി സൂചനയുണ്ട്. തനിക്കെതിരായ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് നിയമപോരാട്ടത്തിലൂടെ പിന്‍വലിപ്പിക്കാനും മെഹുല്‍ ചോക്‌സിക്ക് കഴിഞ്ഞിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പുറത്തുവന്നതിനെ തുടര്‍ന്ന് 2018 ജനുവരിയില്‍ ചോക്‌സി ഇന്ത്യ വിട്ടു. 2024 മെയ് മാസത്തില്‍, മുംബൈയിലെ പ്രത്യേക കോടതിയില്‍ എന്റെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് മടങ്ങാനാകുന്നില്ല എന്ന് ചോക്‌സി പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളി എന്ന പദവി തനിക്കു ബാധകമല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
2021 മെയ് മാസത്തില്‍ അദ്ദേഹം ആന്റിഗ്വയില്‍ നിന്ന് അപ്രത്യക്ഷനായി, ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടു - മറ്റൊരു കരീബിയന്‍ ദ്വീപ് രാജ്യമായ ഡൊമിനിക്കയില്‍ അദ്ദേഹത്തെ കണ്ടെത്തിയതിനുശേഷം ഈ അസംബന്ധ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു.
2017ല്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ പൗരത്വം സ്വന്തമാക്കിയ ചോക്‌സി, രക്താര്‍ബുദ ചികിത്സയ്ക്കായാണ്, ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെല്‍ജിയത്തില്‍ എത്തിയത്. ഇന്ത്യന്‍, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ പൗരത്വങ്ങള്‍ മറച്ചുവെച്ചാണ് മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ താമസ പെര്‍മിറ്റ് സ്വന്തമാക്കിയത് എന്നാണ് വിവരം. ആന്റ് വെര്‍പ്പില്‍ വച്ചു ഏപ്രില്‍ 12 നാണ് ചോക്‌സി അറസ്റ്റിലായതെന്നും, വിട്ടു നല്‍കാന്‍ ഇന്ത്യ ആവശ്യപ്പെട്ടതായും ബെല്‍ജിയം സ്ഥിരീകരിച്ചു.