by webdesk3 on | 12-04-2025 09:45:51 Last Updated by webdesk3
ഹിയറിങ് വിവാദത്തില്‍ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത്. മടിയില്‍ കനമില്ലാത്തവര്‍ ഭയക്കുന്നതാണ് വിചിത്രം എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പ്രശാന്ത് പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
വിചിത്രം ഇവിടത്തെ മാധ്യമ പ്രവര്‍ത്തനമാണ്.
മാധ്യമ പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്ന ഇവരില്‍ പലര്‍ക്കും അധികാരസ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പല താല്‍പര്യങ്ങളുമുണ്ട്. ഒരു IAS ഉദ്യോഗസ്ഥന്‍ ഒപ്പമിരുത്തി മദ്യം സേവിച്ചാലോ, മറ്റൊരുദ്യോഗസ്ഥ ചിരിച്ച് കൂടെ ആടാനും പാടാനും കൂടിയാലോ രോമാഞ്ചപ്പെട്ട് മോഹാലസ്യപ്പെട്ട് പോകുന്ന മാധ്യമ ധര്‍മ്മം മാത്രമേ പല തീപ്പൊരികള്‍ക്കും ഉള്ളൂ.
ഈ കേസില്‍ മാതൃഭൂമി പത്രത്തിലെ ചിലര്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. കോടികളുടെ പ്രസ് ക്ലബ് അഴിമതിക്കേസ് ഫയല്‍ ഫിനാന്‍സ് സെക്രട്ടറി ഡോ.ജയതിലകിന്റെ കൈവശമാണ് എന്നതും ഓര്‍ക്കുക. (പ്രമുഖ പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പ്രസ് ക്ലബ് അഴിമതിക്കേസ് എന്താണെന്ന് പോലും പൊതുജനങ്ങള്‍ക്ക് അറിയില്ല- മാധ്യമങ്ങള്‍ അറിയിക്കില്ല!)
വിചിത്രമായ ആവശ്യം എന്ന വാക്ക് ഏറെക്കുറേ എല്ലാ മാധ്യമങ്ങളും ഒരുപോലെ ഉപയോഗിച്ചു എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. അതായത് ഒരേ PR കമ്പനിയില്‍ നിന്ന് തന്നെയാണ് ഈ വിചിത്ര വാര്‍ത്തകള്‍ ചമയ്ക്കപ്പെടുന്നത്.
രേഖകളെ അടിസ്ഥാനപ്പെടുത്താതെ വേണ്ടപ്പെട്ടവര്‍ കാതോരം മൊഴിയുന്നത് വാര്‍ത്തയാക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും PR കമ്പനിക്കും വളരെ വിചിത്രമായി തോന്നാവുന്ന ചില കാര്യങ്ങള്‍ കൂടി പങ്ക് വെക്കട്ടെ.
1. അടിമത്തം നിരോധിച്ചു.
2. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു.
3. ഭരണഘടന നിലവില്‍ വന്നു.
4. വിവരാവകാശ നിയമം പാസ്സായി.
ലോകം ഏറെ മാറിപ്പോയി.
സ്വകാര്യമായ കേസുകള്‍ കോടതി ഹിയറിംഗ് നടത്തുന്നത് open court ലാണ്. ഇന്ന് കോടതികള്‍ സ്റ്റ്രീം ചെയ്യുന്നു. വിവരാവകാശ പ്രകാരം എല്ലാ വിവരങ്ങളും പൊതുജനത്തിനറിയാന്‍ അവകാശമുണ്ട് എന്നതും ഓര്‍ക്കുക. സര്‍ക്കാര്‍ മീറ്റിങ്ങുകള്‍ ലൈവ് സ്റ്റ്രീം ചെയ്ത് പൊതുജനം അറിയാന്‍ കൃഷിവകുപ്പ് VELICHAM എന്ന പ്രോജക്റ്റിന് അംഗീകാരം നല്‍കി 7.08.2024 ല്‍ ഉത്തരവിറങ്ങി. സുതാര്യത എന്ന പ്രഖ്യാപിത സര്‍ക്കാര്‍ നയമാണോ വിചിത്രം?
മറച്ച് വെക്കുന്നത് എന്തിന് എന്നാണ് സാമാന്യബുദ്ധിയുള്ളവര്‍ ചോദിക്കുക;
സുതാര്യത എന്തിന് എന്ന ചോദ്യമാണ് വിചിത്രം.
അന്യായത്തിനെതിരേ ശബ്ദിക്കുന്ന ഇരയെ അഹങ്കാരിയായി മുദ്ര കുത്തി കല്ലെറിയാന്‍ അധികാരം കയ്യാളുന്നവരെ സഹായിക്കുന്നതാണ് വിചിത്രം.