by webdesk3 on | 11-04-2025 04:04:53 Last Updated by webdesk3
താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷഹബാസിന്റെ കൊലക്കേസുമായി ബന്ധപ്പെട്ട പ്രതികളായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ 6 വിദ്യാര്‍ത്ഥികളുടെ അഭിഭാഷകരായിരുന്നു ഹര്‍ജി നല്‍കിയത്. ഇവരുടെ ഹര്‍ജി കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയാണ് തള്ളിയത്. പ്രതികളായ ആറുപേരുടെയും റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്.
പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതി ഇവരുടെ ജാമ്യാപേക്ഷ നിരസിച്ചത്. പ്രതികള്‍ ആസൂത്രണം നടത്തിയാണ് ഷഹബാസിനെ കൊലപ്പെടുത്തിയത് എന്നും അതിനാല്‍ തന്നെ പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത കാര്യം പരിഗണിക്കരുത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആസൂത്രണം നടന്നതിന്റെ തെളിവുകള്‍ സമൂഹമാധ്യമത്തിലെ ചാറ്റുകള്‍ വഴി ലഭിച്ചതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം അവധിക്കാലമായതിനാല്‍ 6 പ്രതികളെയും മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. കുട്ടികളുടെ പേരില്‍ ഇതിനുമുന്‍പ് മറ്റ് കേസുകള്‍ ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. കൂടാതെ ഒരു മാസത്തിലധികമായി ഇവര്‍ ജുവനൈല്‍ ഹോമില്‍ കഴിയുകയാണ്. ഇത് കുട്ടികളെ മാനസികായുമായി ബാധിച്ചു എന്നും പ്രതിഭാഗം വാദിച്ചിരുന്നു