by webdesk2 on | 11-04-2025 11:16:28 Last Updated by webdesk2
സിനിമയിലെ സ്റ്റണ്ട്മാന്‍മാരുടെ പ്രയത്‌നത്തിനെ അംഗീകരിക്കാന്‍ തീരുമാനിച്ച് ദി അക്കാദമി ഓഫ് ദി മോഷന്‍ പിക്ച്ചര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സസ് ഡയറക്ടര്‍ ബോര്‍ഡ്. 2028 മുതല്‍ സ്റ്റണ്ട് വാര്‍ക്കുകള്‍ക്ക് ഇനി ഓസ്‌കര്‍ ലഭിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. 2027ല്‍ റിലീസ് ചെയ്യുന്ന സിനിമകളാണ് ആദ്യ സ്റ്റണ്ട് കൊറിയോഗ്രഫി ഓസ്‌കറിന് പരിഗണിക്കുക.
സ്റ്റണ്ട്മാന്‍ ആയി കരിയര്‍ ആരംഭിച്ച് സംവിധാന രംഗത്തേക്ക് കടന്ന ഡേവിഡ് ലെയ്ച്ച് ആണ് സ്റ്റണ്ട് വര്‍ക്കിനെ ഓസ്‌കറിന് പരിഗണിക്കാന്‍ മുന്‍കൈ എടുത്തത്. ഡെഡ്പൂള്‍ 2, ബുള്ളെറ്റ് ട്രെയിന്‍, ഫാള്‍ ഗൈ, അറ്റോമിക്ക് ബ്ലോണ്ട്, ഫാസ്റ്റ് ആന്‍ഡ് ഫ്യുരിയസ് : ഹോബ്‌സ് ആന്‍ഡ് ഷോ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനായ ഡേവിഡ് ലെയ്ച്ചിന്റെ അവസാന ചിത്രമായ ഫാള്‍ ഗൈ ഒരു സ്റ്റണ്ട്മാന്റെ ജീവിതമാണ് പ്രമേയമാക്കിയത്.
ജോണര്‍ വ്യത്യാസമില്ലാതെ എല്ലാ തരം സിനിമകള്‍ക്കും എന്തെങ്കിലും ഒരു തരം സ്റ്റണ്ട് വര്‍ക്ക് ആവശ്യമായി വരാറുണ്ട്. ബസ്റ്റര്‍ കീറ്റണ്‍, ചാര്‍ളി ചാപ്ലിന്‍, ഹാരോള്‍ഡ് ലോയ്ഡ്, പോലുള്ള നടന്മാരിലൂടെയും സ്റ്റണ്ട് കോര്‍ഡിനേറ്റേഴ്സ്, ഡിസൈനേഴ്‌സ്, പെര്‍ഫോര്‍മേഴ്സ് തുടങ്ങിയവരിലൂടെയും ഈ തൊഴില്‍ മേഖല സിനിമയുടെ ആഴങ്ങളില്‍ വേരോടിയിരിക്കുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിച്ച അനേകം മഹാരഥന്മാരുടെ തോളിലേറി നിന്നുകൊണ്ട് ഇങ്ങനെയൊരു നിമിഷത്തിനു വേണ്ടി ഒരുപാട് കാലമായി യത്‌നിക്കുന്നു, അക്കാദമിക്ക് നന്ദി, ഡേവിഡ് ലെയ്ച്ച് പറയുന്നു.