by webdesk2 on | 07-04-2025 11:58:14 Last Updated by webdesk2
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും, അറസ്റ്റ് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
അതേസമയം, ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍ ആയ കേസിന്റെ അന്വേഷണം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടക്കുന്നത്. ഈ കേസിലെ പ്രതികളുടെ ഫോണ്‍ പരിശോധിച്ചപ്പോഴടക്കം ചില സിനിമ താരങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നു. ഈ താരങ്ങളെ വിളിച്ച് വരത്തുമെന്നും നോട്ടീസ് കൊടുത്ത് ചോദ്യം ചെയ്യുമെന്നും എക്‌സൈസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഭയമുണ്ടെന്നും തടയണമെന്നും കാണിച്ച് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചിട്ടുള്ളത്.
രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ഓമനപ്പുഴ തീരദേശ റോഡില്‍ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. രണ്ടുകോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. നടന്‍മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എതിരെയാണ് ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി മൊഴി നല്‍കിയത്. ഇരുവര്‍ക്കും ലഹരിമരുന്ന് നല്‍കാറുണ്ടെന്ന് കണ്ണൂര്‍ സ്വദേശി തസ്ലിമ സുല്‍ത്താന്‍ മൊഴി നല്‍കി.