by webdesk2 on | 07-04-2025 11:10:36 Last Updated by webdesk3
കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മിഷന് പ്രവര്‍ത്തനം തുടരാം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വേനലധിക്കുശേഷം ജൂണില്‍ പരിഗണിക്കും.
ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കമ്മീഷന്‍ നല്‍കുന്ന ശുപാര്‍ശകള്‍ സര്‍ക്കാരിന് ഇപ്പോള്‍ നടപ്പാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന് വിധേയമായിട്ടായിരിക്കും ശുപാര്‍ശകള്‍ നടപ്പാക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
ജുഡീഷ്യല്‍ കമ്മീഷണര്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. മുനമ്പത്തെ പ്രശ്‌നപരിഹാരങ്ങള്‍ക്കു പോംവഴികള്‍ ഉണ്ടെന്നും ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.പൊതു താല്‍പര്യം മുന്‍നിര്‍ത്തിയാണ് കമ്മീഷനെ നിയമിച്ചത്. ക്രമസമാധാന വിഷയമെന്ന നിലയില്‍ കമ്മീഷന്റെ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.