by webdesk3 on | 06-04-2025 04:30:50 Last Updated by webdesk2
മാധ്യമപ്രവര്‍ത്തകരോട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സമീപനവുമായി ബന്ധപ്പെട്ട വിഷയം മനസ്സിലാകാതെ പ്രതികരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സുരേഷ് ഗോപിയെ ഒരു ജെന്റില്‍മാനായി അദ്ദേഹം വിശേഷിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകരടക്കം എല്ലാവരെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ പശ്ചാത്തലം അറിഞ്ഞിട്ടില്ലെന്നും, ആരാണ് പ്രകോപനം ഉണ്ടാക്കിയതെന്ന് വ്യക്തമായില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അദ്ദേഹത്തിന്റെ മലപ്പുറത്തെ പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് തനിക്കറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഒബിസി റിസര്‍വേഷനെ മതാധിഷ്ഠിതമായി മാറാന്‍ ശ്രമിക്കുന്നുവെന്ന ആശങ്ക ഈഴവ സമൂഹത്തിനുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സംവരണ സംവിധാനം പിന്‍വാതിലിലൂടെ കൈകാര്യം ചെയ്യപ്പെടുന്നത് ബിജെപി ശക്തമായി എതിര്‍ക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.