by webdesk2 on | 06-04-2025 09:33:08 Last Updated by webdesk3
തിരുവനന്തപുരം: നടന്‍ പൃഥിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. സിനിമയിലെയും വിദേശത്തെയും സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2022ല്‍ ആശീര്‍വാദ് സിനിമാസില്‍ നടന്ന റെയ്ഡിന്റെ തുടര്‍ച്ചയായിട്ടാണ് നടപടിയെന്നും എമ്പുരാന്‍ വിവാദവുമായി ഇതിന് ബന്ധമില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുക്കൊണ്ടുള്ള സാമ്പത്തിക ഇടപാടുകളിലും വിശദീകരണം നല്‍കണം. ഇതില്‍ പ്രധാനമായും ഓവര്‍സീസ് ബിസ്സിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ആന്റണി പെരുമ്പാവൂര്‍ ഈ മാസം അവസാനത്തോടെ വ്യക്തത വരുത്തേണ്ടത്. ദുബൈയില്‍ വെച്ച് മോഹന്‍ലാലിന് രണ്ടരക്കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ടും വിശദീകരണം നല്‍കണം.
നേരത്തെ എമ്പുരാന്‍ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. സിനിമയുടെ മറ്റൊരു നിര്‍മാതാവായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഗോകുലം ഗ്രൂപ്പ് ആര്‍.ബി.ഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി വാര്‍ത്താക്കുറിപ്പിലൂടെ ഇഡി അറിയിച്ചു. ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു.