by webdesk3 on | 05-04-2025 11:54:20 Last Updated by webdesk3
ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലും വീടുകളിലുമായി നടത്തിയ റെയ്ഡില്‍ ഏതാണ്ട് ഒന്നരക്കോടി രൂപയോളം അനധികൃതമായി കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വ്യക്തമാക്കി. തമിഴ്‌നാട്ടിലും കേരളത്തിലുമായി ഇന്നലെ 10 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. എന്നാല്‍ എവിടെ വെച്ചാണ് പണം കണ്ടെത്തിയത് എന്ന കാര്യം അദായ നികുതി വകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ദിവസം പതിനാല് മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന അര്‍ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് ചെന്നൈയില്‍ എത്തിച്ച് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
വിദേശ നാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് ഇന്നും തുടരും. ഗോകുലം ചിട്ടിയിടപാടുകളുമായി ബന്ധപെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന. 2022 ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം.
ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ 3 മാസമായി നിരീക്ഷണത്തില്‍ ആണെന്ന് ഇന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഇടപെടുകളില്‍ സംശയം തോന്നിയ സാഹചര്യത്തില്‍ ആണ് റെയ്ഡ്. സമീപകാല വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുത് എന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു. എമ്പുരാന്‍ സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന വ്യാപക പ്രചാരണം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഇഡിയുടെ വിശദീകരണം.