by webdesk2 on | 05-04-2025 07:54:04 Last Updated by webdesk3
കൊച്ചി: മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന ഇന്ന് തുടങ്ങും. വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുള്ളത്. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രതികള്‍ക്ക് സമന്‍സ് അയക്കുന്നതോടെ വിചാരണ നടപടിക്രമങ്ങളിലേക്ക് കോടതി കടക്കും.
ഇന്നലെ വൈകുന്നേരമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ലഭിച്ച റിപ്പോര്‍ട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 7ന് കൈമാറിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതിയാണിത്. വീണാ വിജയന്‍ അടക്കമുളള പ്രതികള്‍ക്ക് സമന്‍സ് അയക്കുകയാണ് ആദ്യ പടി. തുടര്‍ന്നാകും വിചാരണഘട്ടത്തിലേക്ക് കടക്കുക. സമന്‍സിനേയും എസ്എഫ്‌ഐഒ കുറ്റപത്രത്തെയും ചോദ്യം ചെയ്ത് വീണ വിജയന്‍ അടക്കമുളളവര്‍ക്ക് കോടതിയെ സമീപിക്കാനും കഴിയും.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, അവരുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക് സൊല്യൂഷന്‍സ് കമ്പനി, സിഎം ആര്‍ എല്‍ കമ്പനിയുടമ ശശിധരന്‍ കര്‍ത്തയടക്കമുളളവര്‍ക്കെതിരയാണ് എസ് എഫ് ഐ ഒ കഴിഞ്ഞ ദിവസം കുറ്റപത്രം നല്‍കിയത്. എസ്എഫ്‌ഐഒ ഡപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് കൊച്ചിയിലെ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
2019ല്‍ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ റെയ്ഡിലായിരുന്നു ശശിധരന്‍ കര്‍ത്തയുടെ വിവാദ ഡയറി കിട്ടിയത്. കേരളത്തിലെ പ്രമുഖ രാഷ്ടീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും, മാധ്യമങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കോടിക്കണക്കിന് രൂപ കൈമാറിയതിന്റെ വിവരങ്ങള്‍ ഇതിലുണ്ട്. ഇത് കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് വീണാ വിജയനും സിഎം ആര്‍ എല്ലും തമ്മിലുളള മാസപ്പടി ഇടപാട് പുറത്തുവന്നത്.