by webdesk2 on | 04-04-2025 01:12:46 Last Updated by webdesk3
ചെന്നൈ: എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്ന രവികുമാര്‍ (71) അന്തരിച്ചു. അര്‍ബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒന്‍പതു മണിയോടെ അവിടെവച്ചായിരുന്നു അന്ത്യം. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്ന് ചെന്നൈ വല്‍സരവാക്കത്തെ വസതിയിലെത്തിക്കും സംസ്‌കാരം നാളെ.
തൃശൂര്‍ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആര്‍.ഭാരതിയുടെയും മകനായ രവികുമാര്‍ ചെന്നൈയിലാണ് ജനിച്ചത്. 1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1976 ല്‍ റിലീസ് ചെയ്ത അമ്മ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്.
ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.