by webdesk2 on | 03-04-2025 01:12:45
ചാലക്കുടി നഗരത്തില്‍ ഇറങ്ങിയ പുലിയെ മയക്കുവെടിവെക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുലിയെ കണ്ടാല്‍ ഉടന്‍തന്നെ മയക്കുവെടിവെക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം മുപ്പതിന് ചാലക്കുടി പുഴയോട് ചേര്‍ന്ന ഭാഗത്ത് പുലിയെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നത്.
ജനവാസ മേഖലയില്‍ പുലിയിറങ്ങി മൂന്നാഴ്ച പിന്നിടുമ്പോള്‍ വിഷയത്തെ നിസ്സാരവല്‍ക്കരിക്കരുതെന്ന് ജനപ്രതികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതോടെ പുലിയെ കണ്ടാല്‍ ഉടന്‍തന്നെ മയക്കുവെടിവെക്കാന്‍ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
പുലിയുടെ സാന്നിധ്യം കണ്ടെത്തിയ മേഖലയില്‍ നിലവില്‍ 49 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ ആണ് തീരുമാനം. നിലവില്‍ നാല് കൂടുകള്‍ സ്ഥാപിച്ചതിനു പുറമേ കൂടുതല്‍ കൂടുകളും സ്ഥാപിക്കും. പുഴയില്‍ കുളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പുറമേ കര്‍ശന ജാഗ്രത നിര്‍ദേശമാണ് പ്രദേശവാസികള്‍ക്ക് നല്‍കിയിട്ടുള്ളത്.