by webdesk2 on | 03-04-2025 11:51:56 Last Updated by webdesk2
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരെ നടപടിയെടുക്കാതെ ഐബിയും പൊലീസും. ലൈംഗിക ചൂഷണമടക്കം ഉണ്ടായെന്ന പരാതി ലഭിച്ചിട്ടും നടപടി ഇല്ല. ഐബി ചട്ടങ്ങള്‍ ലംഘിച്ച് സുകാന്ത് ഇപ്പോഴും ഒളിവില്‍ തന്നെ തുടരുകയാണ്.
അവധി അപേക്ഷയോ, ലീവ് അഡ്രസ്സോ ഇല്ലാതിരുന്നിട്ടും സുകാന്തിന്റെ കാര്യത്തില്‍ തുടര്‍നടപടികള്‍ എടുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറാകാത്തതില്‍ കുടുംബത്തിന്റെ പരാതി ഉയരുന്നുണ്ട്. ലീവ് അഡ്രസ്സ് പോലും നല്‍കാതെയാണ് സുകാന്ത് അവധിയില്‍പോയിരിക്കുന്നത്. അവധിക്കു പോകുന്ന ഉദ്യോഗസ്ഥന്‍ ലീവ് അഡ്രസ്സ് നല്‍കണമെന്നാണ് ചട്ടം ഇത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെടാനാണ്.
ഉദ്യോഗസ്ഥയെ സാമ്പത്തികമായി ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. മൂന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ലൈംഗിക ചൂഷണം നടന്നതിന്റെ തെളിവുകള്‍ പൊലീസില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥയുടെ പിതാവ് മധുസൂദനന്‍ പറഞ്ഞിരുന്നു.
മകളുടെ അക്കൗണ്ടില്‍ നിന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. കൂടാതെ ഉദ്യോഗസ്ഥ ട്രെയിന് മുന്നില്‍ ചാടി മരിക്കുന്നതിന് മുമ്പും സുഹൃത്തായ യുവാവിനെ നിരവധി പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ യുവാവിന്റെ പ്രേരണ തന്നെയാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.