by webdesk2 on | 01-04-2025 11:51:33
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ നാലു വരെ ശക്തമായ വേനല്‍ മഴ ലഭിച്ചേക്കും. വിവിധ ജില്ലകളില്‍ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യത.
മൂന്നാം തിയതി പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാലാം തിയതി എറണാകുളം, തൃശൂര്‍ ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഏപ്രിലിലെ മഴയില്‍ കേരളം, കര്‍ണാടക എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.
മാര്‍ച്ചില്‍ സംസ്ഥാനത്ത് 65.7 മില്ലിമീറ്റര്‍ വേനല്‍മഴ ലഭിച്ചുവെന്നാണു കണക്ക്. 2017നു ശേഷം മാര്‍ച്ചില്‍ ഏറ്റവുമധികം വേനല്‍ മഴ ലഭിക്കുന്നത് ഇത്തവണയാണ്. 121 മില്ലിമീറ്റര്‍ മഴ ലഭിച്ച കോട്ടയമാണ് ജില്ലകളില്‍ മുന്നില്‍. കാസര്‍കോട് ഒഴികെ മറ്റെല്ലാ ജില്ലകളിലും സാധാരണ മാര്‍ച്ചില്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു.
മഴയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂടും കൂടിയ തോതില്‍ തുടരുകയാണ്. ഏപ്രില്‍, ജൂണ്‍ കാലയളവില്‍ രാജ്യത്ത് സാധാരണയിലും ഉയര്‍ന്ന ചൂട് അനുഭവപ്പെടും. ഇന്ത്യയുടെ മധ്യ, കിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്കുപടിഞ്ഞാറന്‍ സമതലങ്ങളിലും ഉഷ്ണതരംഗങ്ങള്‍ ഏറും. സാധാരണനിലയിലുള്ള മഴയും ഈ കാലയളവില്‍ പ്രതീക്ഷിക്കാം.