by webdesk3 on | 29-03-2025 01:54:44 Last Updated by webdesk2
വധശിക്ഷയ്ക്ക് അധികൃതകര്‍ക്ക് അറിയിപ്പ് ലഭിച്ചതായി യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കാത്തിരിക്കുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയ. ജയില്‍ അധികൃതര്‍ക്ക് വധശിക്ഷയുടെ അറിയിപ്പ് ലഭിച്ചതായി അറിയുന്നുവെന്നാണ് അവര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയതായും നിമിഷ പ്രിയ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഈ ശബ്ദ സന്ദേശം നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് ലഭിച്ചു.
നിമിഷ പ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യയിലെ സന്ദര്‍ശനത്തിനിടെ ഇറാന്‍ വിദേശകാര്യ സഹമന്ത്രി ഈ നിലപാട് വിദേശകാര്യ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വധശിക്ഷയുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ക്ക് പരിമിതിയുണ്ടെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ യാതൊരു നയതന്ത്ര നീക്കങ്ങളും നടക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയയ്ക്ക് യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍ കണ്ടു മോചനം നേടാനുള്ള ശ്രമം നിമിഷ പ്രിയയുടെ കുടുംബം നടത്തിയെങ്കിലും അതിന് ഫലമുണ്ടായില്ല.