by webdesk2 on | 29-03-2025 06:09:29 Last Updated by webdesk2
ഭൂചലനത്തില്‍ വിറച്ച് മ്യാന്‍മറും, തായ്ലന്‍ഡും. ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കടന്നു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നുവെന്നാണ് വിവരം. മ്യാന്‍മറില്‍ മാത്രം 144 പേര്‍ മരിച്ചെന്ന് സൈന്യം അറിയിച്ചു.
പട്ടാളഭരണമുള്ള മ്യാന്‍മറില്‍ ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മ്യാന്‍മറിലെ രണ്ടാമത്തെ നഗരമായ മാന്‍ഡലെ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. മ്യാന്‍മറിന്റെ തലസ്ഥാനമായ നായ്പിഡോ ഉള്‍പ്പെടെ ആറു പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ മ്യാന്‍മര്‍ സൈനിക മേധാവി അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ചു.
ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തര സഹായമായി ഇന്ത്യ 15 ടണ്‍ സാധനങ്ങള്‍ സൈനിക വിമാനത്തില്‍ മ്യാന്‍മറിലേക്ക് അയച്ചു. ഇന്നലെ പ്രാദേശിക സമയം 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ചൈന, ഇന്ത്യ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.