by webdesk3 on | 28-03-2025 04:22:08 Last Updated by webdesk2
മ്യാന്‍മറിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നൂറുകണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയ്ക്ക് 12.50 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ ഭീകരമായി ബാധിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആറ് പ്രവിശ്യകളില്‍ ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
നിരവധി ദേശീയ പാതകള്‍ തകര്‍ന്നതായും ഗതാഗതം തടസപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാന്‍മാറില്‍ അനുഭവപ്പെട്ടത്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മാന്റ്!ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലാണ്. തായ്‌ലാന്‍ഡിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭൂചലനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി മുന്നില്‍ കണ്ട്, ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിലച്ചിരിക്കുകയാണ്.