by webdesk2 on | 28-03-2025 06:09:48 Last Updated by webdesk3
കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെ മാത്യു കുഴല്‍നാടന്‍ എം എല്‍ എയും കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
പിണറായി വിജയനടക്കമുള്ളവരെ എതിര്‍കക്ഷികളാക്കിയാണ് മാത്യു കുഴല്‍നാടന്റെ ഹര്‍ജി. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആര്‍ എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് വാദം. ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് വീണയുടെ ഉടമസ്ഥതയിലുളള കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ നല്‍കിയെന്നാണ് വിവാദം. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എസ്എഫ്ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ചത്.