by webdesk3 on | 27-03-2025 02:14:06 Last Updated by webdesk3
പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. അറസ്റ്റ് ചെയ്താല്‍ 25,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കൂടാതെ, അന്വേഷണവുമായി സഹകരിക്കണമെന്നും, ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ജയചന്ദ്രനോട് കോടതി നിര്‍ദേശം നല്‍കി. ജാമ്യത്തിന് വിധേയമായ ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്ന് ജസ്റ്റിസ് നാഗരറ്റ്‌ന വ്യക്തമാക്കി.
കേസില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ് കഴിഞ്ഞ വര്‍ഷം ജൂണിലാമ് രജിസ്റ്റര്‍ ചെയ്തത്. നടന്‍ കോഴിക്കോട് പോക്‌സോ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും അത് തള്ളുകയായിരുന്നു. തുടര്‍ന്ന്, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അതും അനുവദിച്ചില്ല. കേസ് ഗുരുതരമാണെന്നും ജാമ്യം നല്‍കരുതെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. ഇതിന് പിന്നാലെയാണ് നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പീഡനപരാതിക്ക് പിന്നില്‍ കുടുംബതര്‍ക്കമാണെന്നുമാണ് ജയചന്ദ്രന്റെ അഭിഭാഷകന്റെ വാദം. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തില്‍, പെണ്‍കുട്ടിയുടെ അമ്മയുടേയും സര്‍ക്കാരിന്റെയും അഭിഭാഷകര്‍ ജാമ്യത്തിന് ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും, കോടതി അവ അംഗീകരിച്ചില്ല.