by webdesk2 on | 27-03-2025 06:39:48 Last Updated by webdesk2
കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുളള ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം ഇന്ന്. കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം വൈകിട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ചടങ്ങില്‍ മന്ത്രി കെ. രാജന്‍ അധ്യക്ഷനാകും. മന്ത്രിമാരായ ഒ.ആര്‍. കേളു, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ.ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി.ഗണേഷ്‌കുമാര്‍, പി.എ.മുഹമ്മദ് റിയാസ്, പ്രിയങ്ക ഗാന്ധി എംപി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ടി.സിദ്ദീഖ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
കല്‍പറ്റ ബൈപ്പാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ നിര്‍മിക്കുന്നത്. ഭാവിയില്‍ ഇരുനിലയാക്കാനാകുംവിധമാകും അടിത്തറ. ആരോഗ്യകേന്ദ്രം, അങ്കണവാടി, മാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍ എന്നിവയും ടൗണ്‍ഷിപ്പിലുണ്ടാകും.