by webdesk3 on | 26-03-2025 07:19:06 Last Updated by webdesk2
ഉത്തര്‍പ്രദേശില്‍ എല്ലാ മതങ്ങളിലുമുള്ളവര്‍ സുരക്ഷിതരാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ മുസ്ലീങ്ങളും അതുപോലെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നൂറ് ഹിന്ദു കുടുംബങ്ങള്‍ താമസിക്കുന്നിടത്ത് ഒരു മുസ്ലിം കുടുംബത്തിന് സുരക്ഷിതമായി കഴിയാനാകുമെങ്കിലും, നൂറ് മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് അത്ര സുരക്ഷിതമായി കഴിയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദുക്കളുടെ ഇടയില്‍ താമസിക്കുന്ന മുസ്ലീങ്ങള്‍ക്ക് അവരുടെ മതാചാരങ്ങള്‍ നിര്‍വഹിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും, മുസ്ലീം സമൂഹത്തില്‍ കഴിയുന്ന ഹിന്ദുക്കള്‍ക്ക് അത്രത്തോളം സ്വാതന്ത്ര്യമുണ്ടോ എന്നത് ചിന്തിക്കേണ്ട കാര്യമാണെന്നും അദ്ദേഹം ചോദിച്ചു. ഈ സാഹചര്യത്തിന് ബംഗ്ലാദേശും പാകിസ്ഥാനും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ഉത്തര്‍പ്രദേശില്‍ 2017 ശേഷം ഒരു വര്‍ഗീയ കലാപവുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംസ്ഥാനത്ത് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.2017ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപങ്ങള്‍ അവസാനിച്ചു എന്നും യോഗി പറഞ്ഞു.
2017 മുമ്പ് സംസ്ഥാനത്ത് കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹിന്ദുക്കളുടെ കടകള്‍ കത്തിയാല്‍ മുസ്ലീങ്ങളുടെ കടകളും കത്തിയിരുന്നതായി അദ്ദേഹം സൂചിപ്പിച്ചു. അതേപോലെ, ഹിന്ദുക്കളുടെ വീടുകള്‍ അക്രമങ്ങളില്‍ നശിക്കുമ്പോള്‍ മുസ്ലീങ്ങളുടേയും വീടുകള്‍ അതേ രീതിയിലായിരുന്നു. എന്നാല്‍, 2017 ശേഷം ഈ സാഹചര്യത്തിന് മാറ്റം വന്നുവെന്നും കലാപങ്ങള്‍ അവസാനിച്ചുവെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.