by webdesk3 on | 26-03-2025 07:02:26 Last Updated by webdesk2
ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. പുതിയ വ്യവസ്ഥകള്‍ പ്രകാരം, സര്‍വീസിലിരിക്കെ മരിച്ച ജീവനക്കാരുടെ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ. സേവനകാലം നീട്ടി നല്‍കലിലൂടെയോ പുനര്‍നിയമനം വഴിയോ ജോലിയില്‍ തുടരുന്നതിനിടെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല. കൂടാതെ, മരണപ്പെട്ട ജീവനക്കാരന്റെ കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
പതിമൂന്ന് വയസ് പ്രായപരിധി നിശ്ചയിച്ചതിനെതിരെ സര്‍വീസ് സംഘടനകള്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും മന്ത്രിസഭാ യോഗം അതിനെ പരിഗണിച്ചില്ല. ആശ്രിത നിയമനം വേണ്ടെന്നവര്‍ക്ക് സമാശ്വാസ ധനം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നെങ്കിലും, പുതുക്കിയ മാനദണ്ഡങ്ങളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.
ആശ്രിത നിയമനത്തിന് ഒഴിവുകള്‍ അനുവദിക്കുന്നത് പൊതുഭരണ വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഈ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യും. കൂടാതെ, ഏകീകൃത സോഫ്റ്റ്‌വെയറിലൂടെ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകള്‍ എന്നിവ പ്രസിദ്ധീകരിക്കും. 18 വയസ്സു കഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തിനകം അപേക്ഷിക്കണമെന്ന പുതിയ വ്യവസ്ഥയും നിലവില്‍ വന്നിട്ടുണ്ട്.