by webdesk3 on | 25-03-2025 12:15:24 Last Updated by webdesk3
തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഹിന്ദുമതത്തിലുള്ളവരല്ലാത്ത എല്ലാ ജീവനക്കാരെയും പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കി. ക്ഷേത്രത്തിലെ പവിത്രമായ കര്‍ത്തവ്യങ്ങളില്‍ ഹിന്ദു വിശ്വാസം പിന്തുടരുന്നവരേ മാത്രം ഉള്‍പ്പെടുത്തണമെന്ന തീരുമാനത്തിലാണ് ഇത്തരത്തില്‍ ഒരു നടപടി. ബോര്‍ഡ് യോഗത്തിനു ശേഷം ടിടിഡി ചെയര്‍മാന്‍ ബി.ആര്‍. നായിഡുവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ക്ഷേത്രഭരണം ഹിന്ദു വിശ്വാസികളായവര്‍ മാത്രമേ നടത്താവൂ എന്ന ഭക്തരുടെ ആത്മീയവും മതപരവുമായ വികാരങ്ങളെ പിന്തുണച്ചുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രമേയം പാസാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ടിടിഡിയുടെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന നിരവധി ജീവനക്കാരെ ബോര്‍ഡിന്റെ ഈ തീരുമാനം ബാധിക്കും. ഹിന്ദുമതത്തില്‍പ്പെട്ടല്ലാത്ത ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചു വിടാനുള്ള തീരുമാനത്തിനൊപ്പം ടിടിഡി സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക സമിതി രൂപീകരിക്കുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.
അതോടൊപ്പം 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് ബോര്‍ഡ് അംഗീകാരം നല്‍കി. 5,258.68 കോടി രൂപയുടെ ബജറ്റിലാണ് അംഗീകാരം ലഭിച്ചത്. വിവിധ വികസന പദ്ധതികള്‍, ക്ഷേത്ര പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം, വിവിധ ക്ഷേമപദ്ധതികള്‍ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാനാണ് തീരുമാനം.