by webdesk2 on | 24-03-2025 01:14:37
ന്യൂഡല്‍ഹി: വീട്ടില്‍നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വര്‍മയെ കോടതി കാര്യങ്ങളില്‍നിന്നു ഒഴിവാക്കി. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടപടി തുടരുമെന്നും ഡല്‍ഹി ഹൈക്കോടതി കുറിപ്പിലൂടെ അറിയിച്ചു.
മാര്‍ച്ച് 14നാണ് ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോര്‍ മുറിയില്‍ തീപിടിത്തമുണ്ടായത്. തീയണക്കാന്‍ എത്തിയ അഗ്‌നിരക്ഷാ സേന തീപിടിച്ച ചാക്കുകള്‍ക്കിടയില്‍ കറന്‍സി നോട്ടുകള്‍ കിടക്കുന്നനിലയിലാണു കണ്ടെത്തിയതെന്നാണു വിവരം. നശിച്ച സാധനങ്ങളില്‍ കോടതിയുമായി ബന്ധപ്പെട്ട രേഖകളും സ്റ്റേഷനറിയും ഉണ്ടായിരുന്നതായി ജസ്റ്റിസ് വര്‍മയുടെ ജീവനക്കാരന്‍ അറിയിച്ചു.
തീപിടിത്തത്തില്‍ ആര്‍ക്കും പരുക്കേല്‍ക്കാതിരുന്നതിനാല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ കറന്‍സി നോട്ടുകള്‍ കിടക്കുന്നതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തിരുന്നു. അവര്‍ സര്‍ക്കാരിനെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും വിവരം അറിയിച്ചു. സംഭവത്തില്‍ ചീഫ് ജസ്റ്റിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.