by webdesk2 on | 24-03-2025 05:51:25 Last Updated by webdesk3
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി പ്രഖ്യാപനം നടത്തും. തുടര്‍ന്ന് കേന്ദ്ര നേതൃത്വം വാര്‍ത്താ സമ്മേളനം വിളിക്കും.
അഞ്ച് വര്‍ഷം തുടര്‍ച്ചയായി കെ സുരേന്ദ്രന്‍ തുടര്‍ന്ന സ്ഥാനത്തേക്കാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്റെ മുഖമായാണ് ദേശീയനേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്.
മികച്ച തീരുമാനമെന്നായിരുന്നു ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ഇന്നലെ പ്രതികരിച്ചത്. രാജീവ് ചന്ദ്രശേഖറിന് പാര്‍ട്ടിയെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാനാകുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അധ്യക്ഷനാക്കിയ തീരുമാനം ഏകകണ്ഠമെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. രാജീവ് ചന്ദ്രശേഖര്‍ കേരളത്തിന് അപരിചിതന്‍ അല്ലെന്നായിരുന്നു എംടി രമേശിന്റെ പ്രതികരണം. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്നും എംടി രമേശ് പറഞ്ഞു.