by webdesk2 on | 24-03-2025 05:32:32 Last Updated by webdesk3
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശമാര്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 42 ദിവസം തികയുകയാണ്. നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്. നിരാഹാര സമരം തുടരുന്ന ആശാ പ്രവര്‍ത്തകരോട് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയില്‍ ഇന്ന് കൂട്ട ഉപവാസം നടക്കും.
രാവിലെ പത്തിന് ഡോ.പി ഗീത ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. ആശാ പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുപ്രവര്‍ത്തകരും ഉപവാസ സമരത്തില്‍ പങ്കെടുക്കും. സമരവേദിയില്‍ എത്തിച്ചേരാന്‍ കഴിയാത്ത ആശാവര്‍ക്കര്‍മാര്‍ അതത് സെന്ററുകളിലോ പ്രത്യേക കേന്ദ്രങ്ങളിലോ ഉപവാസ സമരമിരിക്കുമെന്നും സമര സമിതി അംഗങ്ങള്‍ പറഞ്ഞു.
ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ പ്രവര്‍ത്തകരുടെ പ്രതിഷേധം. ഉദ്യോഗസ്ഥ തലത്തിലും മന്ത്രി തലത്തിലും ചര്‍ച്ചകള്‍ നടന്നെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സമരത്തിന്റെ 39-ാം ദിവസമാണ് നിരാഹാര സമരം ആരംഭിച്ചത്.