by webdesk2 on | 23-03-2025 08:21:41
ദില്ലി : ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെടുത്ത സംഭവത്തില്‍ സുപ്രീം കോടതിയുടെ തുടര്‍ നടപടി തിങ്കളാഴ്ചയോടെ ഉണ്ടാകും. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നല്‍കിയ റിപ്പോര്‍ട്ട് സുപ്രീംകോടതി കൊളീജിയം പരിശോധിക്കും.
ഇന്നലെ രാത്രി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാദ്ധ്യായ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് സമര്‍പ്പിച്ചുവെന്നാണ് രജിസ്ട്രിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഈ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കൊളീജിയം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയുണ്ടാകുമെന്നാണ് വിവരം. ദില്ലി പൊലീസില്‍ നിന്നടക്കം ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ജഡ്ജി വെര്‍മ്മയുടെ വിശദീകരണം കൂടി ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജഡ്ജിക്കെതിരായ കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്നതാണ് റിപ്പോര്‍ട്ടെങ്കില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വെര്‍മ്മയുടെ രാജി ആവശ്യപ്പെടാനും ഇടയുണ്ട്. രാജിക്ക് ജഡ്ജി തയ്യാറായില്ലെങ്കില്‍ 1999 സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മൂന്നംഗ അന്വേഷണ സമിതിയെ ചീഫ് ജസ്റ്റിസ് നിയോഗിക്കും. ഇംപീച്ച് ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ കൊക്കൊള്ളാം. കൊളീജീയത്തിലെ രണ്ട് ജഡ്ജിമാര്‍ നിലവില്‍ മണിപ്പൂര്‍ സന്ദര്‍ശനത്തിലായതിനാല്‍ തിങ്കളാഴ്ച്ചയോടെ അന്തിമതീരുമാനത്തിനാണ് സാധ്യത.