by webdesk2 on | 23-03-2025 05:36:44 Last Updated by webdesk2
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരാകുമെന്ന് ഇന്നറിയാം. പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള നോമിനേഷനും, സൂക്ഷ്മ പരിശോധനയും ഇന്ന് നടക്കും. നാളെ വോട്ടെടുപ്പും ഫലപ്രഖ്യാപനവും നടക്കും.
കേന്ദ്രനിരീക്ഷകന്‍ പ്രഹ്‌ളാദ് ജോഷിയുടെ നേതൃത്വത്തില്‍ ചേരുന്ന കോര്‍കമ്മിറ്റിയോഗത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയെ തീരുമാനിക്കും. കേന്ദ്ര നേതൃത്വം തീരുമാനിക്കുന്ന ആളാകും ഔദ്യോഗിക സ്ഥാനാര്‍ഥി.
ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മൂന്ന് മണി വരെ പത്രിക സമര്‍പ്പണം. ഒന്നിലധികം നോമിനേഷന് സാധ്യത ഇല്ല. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയ്ക്ക് എതിരെ നോമിനേഷന്‍ നല്‍കാന്‍ തയ്യാറായാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടക്കും. വൈകിട്ട് 4 ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. തിങ്കളാഴ്ച വോട്ടെടുപ്പും പ്രഖ്യാപനവും ഉണ്ടാകും.
തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നതിനാല്‍ അവ കഴിയും വരെ കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷപദവിയില്‍ തുടരാന്‍ സാധ്യതയുണ്ട്. അഞ്ചുവര്‍ഷം കാലാവധിയെന്ന മാനദണ്ഡം കര്‍ശനമായി നടപ്പാക്കിയാല്‍ സുരേന്ദ്രന്‍ ഒഴിയും.
എം.ടി. രമേശ്, രാജീവ് ചന്ദ്രശേഖര്‍, ശോഭാസുരേന്ദ്രന്‍ എന്നിവരുടെ പേരും ചര്‍ച്ചയിലുണ്ട്. വി. മുരളീധരന്‍ പട്ടികയില്‍ ഇല്ലെന്നാണ് അറിയുന്നത്. കാരണം അധ്യക്ഷനെ പ്രഖ്യാപിക്കുന്ന ദിവസം തന്നെയാണ് അദ്ദേഹം യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ വാഴ്ച ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ചുകൊണ്ട് ലബനനില്‍ പോകുന്നത്. ഡല്‍ഹിയിലുള്ള രാജീവ് ചന്ദ്രശേഖര്‍ കോര്‍കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.