by webdesk3 on | 22-03-2025 03:15:29 Last Updated by webdesk3
ഇടുക്കി തൊടുപുഴയില്‍ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പത്തടിയോളം താഴ്ചയുള്ള കുഴിയിലായിരുന്നു ഇത്.
കസ്റ്റഡിയിലുള്ള പ്രതികള്‍ പൊലീസില്‍ നല്‍കിയ മൊഴിയനുസരിച്ച്, മാന്‍ഹാളില്‍ മൃതദേഹം ഒളിപ്പിച്ച ശേഷം കോണ്‍ക്രീറ്റ് ചെയ്തു എന്ന് വ്യക്തമാക്കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഫോറെന്‍സിക് പരിശോധന ആരംഭിച്ചത്. ഗോഡൗണില്‍ കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് അന്വേഷണ സംഘം മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസത്തിലധികം പഴക്കമുള്ളതായാണ് പ്രാഥമിക വിലയിരുത്തല്‍.
വ്യാഴാഴ്ച മുതല്‍ ബിജു ജോസഫിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
കേസില്‍ ബിജുവിന്റെ കാറ്ററിങ് പങ്കാളി ജോമോന്‍ അടക്കം മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജുവിനും കസ്റ്റഡിയിലുള്ളവര്‍ക്കും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായിരിക്കാനിടയെന്ന് സൂചന. ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട ചിലര്‍ കസ്റ്റഡിയിലാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.