by webdesk2 on | 22-03-2025 07:16:53 Last Updated by webdesk3
കൊച്ചി: ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരങ്ങള്‍ക്ക് ആകാശത്തേക്കു വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന ഉണ്ടകള്‍ (ബ്ലാങ്ക് അമ്യൂണിഷന്‍) ചട്ടിയിലിട്ട് വറുത്ത സംഭവത്തില്‍ എറണാകുളം സിറ്റി എ ആര്‍ ക്യാമ്പിലെ എസ്‌ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ. എസ്‌ഐക്കെതിരായ നടപടി ഇന്ന് ഉണ്ടായേക്കും.
ആയുധങ്ങളുടെ ചുമതലയുള്ള എസ് ഐ സി സി വി സജീവന്‍ എതിരെയാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയത്. എസ്‌ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.എ ആര്‍ ക്യാമ്പ് കമാന്‍ഡന്റ് ഇന്നലെ വൈകിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്.
എറണാകുളം എആര്‍ ക്യാംപില്‍ ഈ മാസം 10നാണ് അടുക്കളയില്‍ പൊട്ടിത്തെറിയുണ്ടായത്. വെടിയുണ്ട സൂക്ഷിച്ചിരുന്ന പാത്രത്തില്‍ വെള്ളത്തിന്റെ അംശം ഉണ്ടായിരുന്നത് മാറ്റാനാണ് ചൂടാക്കിയതെന്ന് വിശദീകരണത്തില്‍ പറയുന്നു. വെടിമരുന്നിനു തീ പിടിച്ചതോടെ ഉണ്ടകള്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സാധാരണ ഇത്തരം സമയങ്ങളില്‍ വെടിയുണ്ട വെയിലത്ത് വെച്ച് ചൂടാക്കുകയാണ് പതിവ്.