by webdesk2 on | 22-03-2025 06:33:53 Last Updated by webdesk3
തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശ പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നില്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശമാര്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 41 ദിവസം തികയുകയാണ്.
സമര സമിതി നേതാവ്എം.എ ബിന്ദു, ആശാപ്രവര്‍ത്തകരായ തങ്കമണി, ശോഭ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. ഇന്നലെ വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഷീജയെ പൊലീസ് എത്തി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് ശോഭ നിരാഹാര സമരം ഏറ്റെടുത്തത്. അതേസമയം ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഈയാഴ്ച തന്നെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു.
അതേസമയം വേതന വര്‍ധന ഉള്‍പ്പെടെ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ അങ്കണവാടി ജീവനക്കാര്‍ നടത്തുന്ന സമരം 5 ദിവസം പിന്നിട്ടു. എന്‍ ജി ഒ അസോസിയേഷന്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും മഹിളാ കോണ്‍ഗ്രസ്, ഫോര്‍വേഡ് ബ്ലോക്ക് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന് പിന്തുണയുമായി പ്രകടനം നടത്തി. ഇന്ത്യന്‍ നാഷനല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അങ്കണവാടി ജീവനക്കാരാണ് ഇന്നലെ പങ്കെടുത്തത്.