by webdesk2 on | 21-03-2025 10:16:20 Last Updated by webdesk3
യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെ പ്രശംസിച്ച് ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്. നേതാക്കള്‍ പരസ്യ പ്രതികരണത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നിര്‍ദേശമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ ഉണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍.
അനാവശ്യ പ്രതികരണം നടത്തി എതിര്‍ പാര്‍ട്ടികള്‍ക്ക് പ്രചരണായുധം നല്‍കേണ്ട എന്നും വിലയിരുത്തല്‍. നേതാക്കള്‍ പരസ്യ പ്രതികരണത്തില്‍ നിന്ന് അകലം പാലിക്കണം എന്നും നിര്‍ദേശം നല്‍കി. അതേസമയം പാര്‍ട്ടിയെ വെട്ടിലാക്കുന്ന ശശി തരൂരിന്റെ തുടര്‍ച്ചയായ നിലപാടുകളില്‍ കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയാണ് ഉളളത്. പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന തരൂരിനെ ഹൈക്കമാന്റ് നിയന്ത്രിക്കണമെന്നാണ് പൊതുവികാരം.
ഇതിനിടെ മണ്ഡലത്തില്‍ ശശി തരൂര്‍ സജീവമല്ലെന്ന വിമര്‍ശനവും തിരുവനന്തപുരത്തെ നേതാക്കള്‍ അടക്കം പറയുന്നുണ്ട്. വ്യക്തിപ്രഭാവത്തിനും അപ്പുറം തീരദേശ മേഖലയില്‍നിന്ന് ഉള്‍പ്പടെ രാഷ്ട്രീയവോട്ടുകള്‍ നേടിയാണ് ഇത്തവണ ജയിച്ചതെന്ന ഓര്‍മ്മപ്പെടുത്തല്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ തരൂരിനെ ഓര്‍മ്മപ്പെടുത്തിയതാണ്. എന്നാല്‍ ആരെയും കൂസാത്ത നിലപാടിലാണ് തരൂര്‍. ഇനിയൊരു വിവാദത്തിന് കൂടി ശശി തരൂര്‍ തിരികൊളുത്തിയാല്‍ പുകയുന്ന അതൃപ്തി ആളിക്കത്തുമെന്നാണ് കോണ്‍ഗ്രസ് ക്യാംപുകള്‍ നല്‍കുന്ന സൂചന.