by webdesk2 on | 21-03-2025 07:10:58 Last Updated by webdesk3
ഇന്നലെ ഡല്‍ഹിയില്‍ പോയത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രമന്ത്രിയെ കാണുമെന്നാണ് പറഞ്ഞതെന്നും മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ നടത്തുന്നത് വ്യാജ പ്രചരണമാണെന്നും മന്ത്രി ആരോപിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണ് യാത്ര എന്നാണ് മന്ത്രിയുടെ ഓഫിസില്‍നിന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വ്യക്തതയില്ലായിരുന്നു. എന്നാല്‍ പിന്നീട് അനുമതി ലഭിച്ചില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. റസിഡന്റ് കമ്മിഷണര്‍ വഴി കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ലെന്നായിരുന്നു വീണാ ജോര്‍ജ് അറിയിച്ചത്.
കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ റസിഡന്റ് കമ്മിഷണര്‍ വഴി നിവേദനം നല്‍കിയെന്നും ആശാ വര്‍ക്കേഴ്‌സിന്റേത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആശമാരുടെ കാര്യത്തില്‍ നേരത്തെയും കേന്ദ്ര മന്ത്രിയെ കണ്ടിരുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് ആശവര്‍ക്കര്‍മാര്‍ പറയുന്നത്. ഇന്നലെ മുതല്‍ ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, ഷീജ ആര്‍, തങ്കമണി എന്നിവരാണ് നിരാഹാരം കിടക്കുന്നത്.