by webdesk3 on | 20-03-2025 03:55:28 Last Updated by webdesk2
കടല്‍മണല്‍ ഖനനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തേക്കു നീട്ടിവെക്കുന്നതിന് പകരം ഖനനം ഉപേക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ സുധാകരന്‍. കേന്ദ്രസര്‍ക്കാര്‍ ഖനന നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ പിണറായി സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശബ്ദതയാണ് കേരളത്തെ ഭയപ്പെടുത്തുന്നത്. കേന്ദ്ര ധനമന്ത്രിയുമായി പിണറായി വിജയന്‍ കേരള ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കടല്‍മണല്‍ ഖനനത്തെ പറ്റിയുള്ള വിഷയങ്ങള്‍ കടന്നുവന്നതായി അറിവില്ല. ആശാ വര്‍ക്കര്‍മാരുടെ സമരം പോലുളള തീവ്രമായ വിഷയങ്ങളും ചര്‍ച്ചയില്‍ ഉണ്ടായില്ല. ബിജെപി സിപിഎം ബന്ധം ഊട്ടിയുറപ്പിക്കുന്ന ഡീലുകളാണ് നടന്നത് എന്ന പ്രചാരണമാണ് ശക്തം.
കടല്‍ മണല്‍ ഖനനത്തിനെതിരേ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതിന് ശേഷം കടല്‍ മണല്‍ ഖനനം നിര്‍ത്തിവയ്പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. രാജ്യത്ത് ലഭിക്കുന്ന ഇല്‍മനൈറ്റിന്റെ 80 ശതമാനം കേരള തീരത്താണ്. സ്വകാര്യ കമ്പനികളെ കൂട്ടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ധാതുക്കൊള്ളയുടെ പങ്കുപറ്റിയുള്ള സാമ്പത്തിക നേട്ടമാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
തീരദേശ പരിപാലന നിയമം കര്‍ക്കശമാക്കി പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കൂര പണിയാന്‍ പോലും അനുമതി നിഷേധിക്കുന്ന സര്‍ക്കാരാണ് കൂടിയാലോചനകളില്ലാതെയും, പാരിസ്ഥിതിക പഠനം നടത്താതെയും മുന്നോട്ടു പോവുന്നത്. ടെണ്ടര്‍ ലഭിക്കുന്ന കമ്പനി പാരിസ്ഥിതിക പഠനം നടത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കള്ളനെ കാവലേല്‍പ്പിക്കുന്നത്
പോലെയാണ്.
മത്സ്യത്തൊഴിലാളികള്‍ മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയിലാണ്. രാജ്യത്തെ ഏറ്റവും സമൃദ്ധമായ മത്സ്യ കേന്ദ്രമായ കൊല്ലം കടല്‍പ്പരപ്പിന്റെ വലിയൊരു ഭാഗം നിര്‍ദ്ദിഷ്ട ഖനന മേഖലയിലാണ്. നാല് പതിറ്റാണ്ടിലേറെയായി പ്രാദേശിക മത്സ്യബന്ധന വ്യവസായത്തിന്റെ കേന്ദ്രമായ ഇവിടത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ കൊല്ലം പരപ്പിന് നാശമുണ്ടാക്കുമെന്ന് കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഈ വസ്തുതകള്‍ നിലനില്‍ക്കെ കടല്‍ മണല്‍ കൊള്ളയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ ആ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കി എന്നും കെ സുധാകരന്‍ പറഞ്ഞു.