by webdesk2 on | 19-03-2025 02:50:37 Last Updated by webdesk2
മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുന്നണികള്‍ക്കുമെതിരെ ആഞ്ഞടിച്ച് കത്തോലിക്കാ സഭ മുഖപത്രം ദീപിക. മത നിയമത്തിനെതിരെ രാജ്യം ഒന്നിക്കണമെന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍ തുടങ്ങുന്നത്. കേരളത്തിലെ മതേതര വിശ്വാസികളെ പുതിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും എഡിറ്റോറിയലില്‍ പറയുന്നു.
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിനെയും മുന്നണികളെയും അതിരൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭ മുഖപത്രം ദീപിക രംഗത്ത് വന്നത്. വഖഫ് നിയമം നിലനില്‍ക്കുന്നിടത്തോളം ഇരകള്‍ക്ക് നീതി ലഭിക്കില്ലെന്നും ഹൈക്കോടതിവിധി ഇതാണ് വെളിവാക്കുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.വഖഫ് മത നിയമത്തിനെതിരെ രാജ്യം ഒന്നിക്കണം. വഖഫ് നിയമം സംരക്ഷിക്കാന്‍ പാര്‍ലമെന്റില്‍ പൊരുതുന്നവര്‍ തിരുത്തണം. ഈ മതപ്രീണനം അസഹനീയമെന്നും ദീപിക എഡിറ്റോറിയല്‍ തുറന്നടിക്കുന്നു. കേരളത്തിലെ മതേതര വിശ്വാസികളെ പുതിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
അതേസമയം സമരം വീണ്ടും ശക്തമാക്കാന്‍ ആണ് മുനമ്പം സമരസമിതിയുടെ തീരുമാനം. മുനമ്പം റിലേ നിരാഹാര സമരം 159 ആം ദിവസത്തിലേക്ക് പ്രതിഷേധം ശക്തമാക്കാന്‍ ആണ് സമരസമിതിയുടെ തീരുമാനം. ഇതിനിടെ വഖഫ് സംരക്ഷണ സമിതി നേതാക്കള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഭീമഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് മുനമ്പം ഭൂസംരക്ഷണ സമിതി.