by webdesk3 on | 19-03-2025 10:41:29 Last Updated by webdesk2
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈകീട്ടോടെ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും.
ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യത ഏറെയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.
ഇന്നലെ പെയ്ത മഴയില്‍ തിരുവനന്തപുരം തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ടുണ്ടായി. ചാലയില്‍ കടകളില്‍ വെള്ളം കയറി. തലസ്ഥാന നഗരത്തില്‍ ഇന്നലെ 45 മിനിറ്റിനിടെ 77.7 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.