by webdesk2 on | 18-03-2025 01:55:01 Last Updated by webdesk3
ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതിയും എം എസ് സൊല്യൂഷന്‍ സിഇഒയുമായ മുഹമ്മദ് ഷുഹൈബിന് ജാമ്യമില്ല. ഷുഹൈബ് നല്‍കിയ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിയുടെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ചും എതിര്‍ത്തിരുന്നു. ഇതോടെ, പ്രതി വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും.
ക്രിസ്മസ് പത്താംക്ലാസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ നേരത്തെ കോഴിക്കോട്ടെ കോടതി തള്ളിയിരുന്നു. തുടര്‍ന്നായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഗൂഢാലോചന, വിശ്വാസവഞ്ചന, ചതി തുടങ്ങി ഷുഹൈബിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് വാദം. പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് എം എസ് സൊല്യൂഷന്‍സിലൂടെ ചോര്‍ന്നത്.
കേസിലെ നാലാം പ്രതിയും അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണുമായ അബ്ദുള്‍ നാസറിന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ ഒന്നു വരെ നീട്ടി. നേരത്തെ, കസ്റ്റഡിയില്‍ ലഭിച്ച ഇരുവരുമായി അന്വേഷണ സംഘം വിവിധ ഇടങ്ങളില്‍ എത്തി തെളിവെടുത്തിരുന്നു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറന്‍സിക്ക് പരിശോധനാഫലം വരുന്നതോടെ കേസ് കൂടുതല്‍ വ്യക്തതയിലേക്ക് എത്തിക്കാന്‍ കഴിയും എന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.