by webdesk3 on | 17-03-2025 11:22:47 Last Updated by webdesk3
സംസ്ഥാനത്ത് പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അരലക്ഷത്തോളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. മൊത്തം 231 കോടി രൂപയുടെ വഞ്ചന നടന്നതായും 665 കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പില്‍ പ്രധാന പ്രതികളെല്ലാം പിടിയിലായതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. തട്ടിപ്പ് സീഡ് വഴിയും എന്‍ജിഒ കോണ്‍ഫഡേഷനും വഴിയും നടത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് കമ്മീഷന്‍ അടക്കമൊരുക്കിയായിരുന്നു തട്ടിപ്പിന്റെ പ്രചരണം.
പ്രതികള്‍ക്കെതിരെ വിശദമായ അന്വേഷണം തുടരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ ബന്ധമുള്ളവര്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ ഈ ഘട്ടത്തില്‍ സാധിക്കില്ല.
തട്ടിപ്പുകാര്‍ പ്രമുഖ വ്യക്തികളോടൊപ്പം നിന്നുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ചാണ് വിശ്വാസ്യത നേടിയെടുത്തത്. ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് പാതിവിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കിയിരുന്നുവെങ്കിലും പിന്നീട് ഇത് നിലച്ചതോടെ തട്ടിപ്പ് പുറത്താകുകയായിരുന്നു.