by webdesk2 on | 17-03-2025 07:52:52 Last Updated by webdesk3
കൊച്ചി: കളമശേരി ഗവണ്‍മെന്റ് പോളിടെക്നിക് കോളജിലെ കഞ്ചാവുകേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. കഞ്ചാവ് വാങ്ങാന്‍ കേസിലെ മുഖ്യപ്രതി അനുരാജ് ഗൂഗിള്‍ പേ വഴി 16,000 രൂപ കൈമാറിയെന്ന് പൊലീസ് കണ്ടെത്തി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് ആറ് മാസമായെന്നും പൊലീസ്.
കഴിഞ്ഞ ആറ് മാസമായി ലഹരി എത്തിച്ച് വിതരണം ചെയ്തിരുന്നതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു. അനുരാജ് വഴിയാണ് ഹോസ്റ്റലില്‍ കഞ്ചാവ് വിതരണം നടത്തിയിരുന്നത്. കഞ്ചാവിനായി ഗൂഗിള്‍ പേ വഴി പണം നല്‍കിയതിന് പുറമേ അനുരാജ് നേരിട്ടും പണം നല്‍കിയിട്ടുണ്ട്. പരിചയമുള്ളയാള്‍ ആയതിനാല്‍ അനുരാജിന് കടമായിട്ടും കഞ്ചാവ് നല്‍കിയിട്ടുണ്ടെന്ന് ഷാലിഖ് പറയുന്നു. കേസില്‍ കൂടുതല്‍ പേര്‍ പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
അതേസമയം കാണാതായ രണ്ട് കിലോ കഞ്ചാവിന് വേണ്ടി തിരച്ചില്‍ തുടരും. ഇതര സംസ്ഥാന തൊഴിലാളിക്കായി അന്വേഷണം ഊര്‍ജിതം. ആലുവയില്‍ താമസിക്കുന്ന ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഷാലിഖിനും ആഷിഖിനും ഇതര സംസ്ഥാന തൊഴിലാളി വഴിയാണ് കഞ്ചാവ് ലഭിച്ചതെന്ന് പൊലീസിന്റെ നിഗമനം. ആലുവയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.