by webdesk2 on | 16-03-2025 08:26:20 Last Updated by webdesk3
കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റല്‍ മിനി കഞ്ചാവ് വിപണന കേന്ദ്രമാണെന്ന് പൊലീസ്. കോളജിനകത്ത് മാത്രമല്ല കളമശേരിയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്നത് ഹോസ്റ്റലില്‍ നിന്നാണ്. പിടിയിലായ ആഷിക് ആണ് പ്രധാന ലഹരി ഇടപാടുകാരന്‍. ഹോസ്റ്റലില്‍ വെച്ചുതന്നെ പാക്കറ്റുകള്‍ ആക്കി പുറത്തേക്ക് വിതരണം നടത്തുമെന്നും പൊലീസ് പറയുന്നു.
പൊലീസ് പരിശോധന ഉണ്ടാകില്ലെന്ന് ഉറപ്പിലാണ് ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇത്തവണ ഇത്തവണ ഹോസ്റ്റലിലേക്ക് എത്തിയത് നാല് കഞ്ചാവ് പൊതികളാണ്. അതില്‍ രണ്ടെണ്ണം മാത്രമാണ് പിടികൂടാനായതെന്നും പൊലീസ് പറഞ്ഞു. ലഹരി എത്തിച്ചു നല്‍കിയ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ ഊര്‍ജിതമാണ്. കൊല്ലം സ്വദേശിയായ ഈ വിദ്യാര്‍ത്ഥിയാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു പേരും മൊഴി നല്‍കിയിട്ടുണ്ട്. ലഹരി എത്തിച്ച് നല്‍കിയ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടന്‍ പിടികൂടും.
അതേസമയം റിമാന്‍ഡിലുള്ള വിദ്യാര്‍ത്ഥി ആകാശിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ആകാശിനെ ചോദ്യം ചെയ്യുന്നതിലൂടെ ക്യാമ്പസ് ഹോസ്റ്റലില്‍ ലഹരി ഉപയോഗിക്കുന്ന കൂടുതല്‍ പേരുടെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.