by webdesk3 on | 15-03-2025 03:23:23 Last Updated by webdesk3
കളമശ്ശേരി പോളിടെക്ക്‌നിക്കില്‍ നിന്നും കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയേയും സംസ്ഥാനത്തെ മന്ത്രിമാരേയും രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍. എസ്.എഫ്.ഐ നേതാക്കള്‍ കഞ്ചാവുമായി പിടിയിലായാല്‍ പ്രതിപക്ഷം അതേക്കുറിച്ച് പറയണ്ടേ? പിടിയിലായവര്‍ കുറ്റവാളികളാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടും മന്ത്രിമാര്‍ക്ക് എന്താണ് ഇത്ര വിഷമം എന്നാണ് അദ്ദേഹം ചോദിച്ചത്.
രണ്ടു കിലോ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവിനെയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായത് എസ്.എഫ്.ഐ നേതാവാണെന്ന് മന്ത്രിമാരായ രാജീവും മുഹമ്മദ് റിയാസും അംഗീകരിച്ചാല്‍ മതി. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടിയുണ്ടായത്. ഈ വിഷയവുമായി ബന്ധപ്പെട്ട ഞങ്ങളുടെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്രയോ തവണ അവിടെ പോയി സംസാരിച്ചിട്ടുണ്ട്. എസ്.എഫ്.ഐ നേതൃത്വത്തിലാണ് കഞ്ചാവ് കച്ചവടം നത്തിയത്. എസ്.എഫ്.ഐ നേതാക്കള്‍ പിടിയിലായാല്‍ അതേക്കുറിച്ച് പറയണ്ടേ? ഇതു തന്നെയാണ് പൂക്കോടും കോട്ടയത്തും നടന്നത് എന്നും വിഡി സതീശന്‍ പറഞ്ഞു.
നേതാക്കള്‍ക്ക് ഡ്രഗ്‌സ് വേണം. അവര്‍ക്ക് അതിന് പണം കിട്ടാതെ വരുമ്പോഴാണ് റാഗിങ് നടത്തുന്നത്. പല സ്ഥലത്തും സെയില്‍ നടത്തുന്നത് നേതാക്കന്‍മാരാണ്. അവര്‍ പിടിയിലാല്‍ അവരെ കുറ്റപ്പെടുത്തുക തന്നെ ചെയ്യും. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും സാമൂഹ്യസമ്മര്‍ദ്ദത്തിന്റെയും ഭാഗമായാണ് ഇപ്പോള്‍ റെയ്ഡ് നടത്തുന്നത്. ഇപ്പോഴാണോ സര്‍ക്കാര്‍ അറിയുന്നത് കേരളം മുഴുവന്‍ ലഹരിമരുന്നാണെന്നും വിഡി സതീശന്‍ പറഞ്ഞു.