by webdesk3 on | 15-03-2025 11:31:36 Last Updated by webdesk3
ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കുന്നതിന്റെ ഭാഗമായ സ്‌പേസ് എക്‌സ് പേടകം ഡ്രാഗണ്‍ ക്രൂ 10 വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.33 നായിരുന്നു വിക്ഷേപണം. പേടകത്തില്‍ നാല് ബഹിരാകാശ യാത്രികര്‍ ഉണ്ട്.
നാസയുടെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററിലെ 39 എ വിക്ഷേപണ തറയില്‍ നിന്നുമാണ് സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന്‍ മക്‌ക്ലെയിന്‍, നിക്കോളെ അയേഴ്‌സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ക്രൂ 9 സംഘത്തിലെ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിക കൊണ്ടുവരികയാണ് ക്രൂ 10 ന്റെ പ്രധാന ലക്ഷ്യം. ഈ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചാല്‍ മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വില്‍മോറിനെയും തിരിച്ച് ഭൂമിയിലെത്തിക്കാനാകും.
വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസത്തിലധികമായി അവിടെ നില്‍ക്കുകയാണ്. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നം കാരണം ഇരുവര്‍ക്കും മുന്‍നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനായില്ല.