by webdesk3 on | 14-03-2025 11:04:36 Last Updated by webdesk3
തമിഴ്‌നാട് ബജറ്റിന്റെ ലോഗോയില്‍ നിന്ന് രൂപയുടെ ഔദ്യോഗിക ചിഹ്നം മാറ്റിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇത് അനുകരിക്കാന്‍ പാടില്ലാത്ത ഒരു ഉദാഹരണമാണെന്നും, വിഘടനവാദ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അപകടകരമായ നടപടി കൂടിയാണെന്നും അവര്‍ ആരോപിച്ചു.
2010ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത്, ഡിഎംകെ ഭരണസഖ്യത്തിന്റെ ഭാഗമായിരിക്കുമ്പോഴാണ് രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത്. അന്നത്തെ തീരുമാനത്തോട് ഡിഎംകെക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ അന്ന് അതിനെ ചോദ്യം ചെയ്യാതിരുന്നതെന്തിന് എന്ന് സീതാരാമന്‍ ചോദിച്ചു.
രൂപ ചിഹ്നം അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ളതും ആഗോള സാമ്പത്തിക ഇടപാടുകളില്‍ ഇന്ത്യയുടെ ഐഡന്റിറ്റിയായി ഉപയോഗിക്കപ്പെടുന്നതുമാണെന്ന് അവര്‍ വിശദീകരിച്ചു. അതിര്‍ത്തി കടന്നുള്ള യുപിഐ പണമിടപാടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍, ദേശീയ കറന്‍സി ചിഹ്നം ദുര്‍ബലപ്പെടുത്തുന്നതാണോ സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെന്നും അവര്‍ ചോദ്യം ചെയ്തു.