by webdesk2 on | 14-03-2025 08:18:11
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അള്‍ട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന തോതിലുള്ള അള്‍ട്രാവയലറ്റ് വികിരണം കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ചവറ, പുനലൂര്‍, പാരിപ്പള്ളി, കാരുവേലില്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക്ക് കാലാവസ്ഥാമാപിനികളില്‍ മാര്‍ച്ച് മാസത്തില്‍ മിക്ക ദിവസങ്ങളിലും 37 ഡിഗ്രിയിലധികം ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൊട്ടാരക്കരയില്‍ സ്ഥാപിച്ച ഐ ഓ ടി അധിഷ്ഠിത കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തില്‍ പ്രദേശത്തെ അള്‍ട്രാ വയലറ്റ് സൂചിക മിക്ക ദിവസങ്ങളിലും 8 - 10 പരിധിയിലാണുള്ളത്. വ്യാഴാഴ്ച സൂചിക 10 ആണ് രേഖപ്പെടുത്തിയത്.
പകല്‍ 10 മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളില്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍ എന്നിവര്‍ വെയിലിനെ സൂക്ഷിക്കണം. ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ ഒരിയ്ക്കലും നേരിട്ട് കനത്ത വെയില്‍ ഏല്‍ക്കരുത്. പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.