by webdesk2 on | 14-03-2025 06:28:36 Last Updated by webdesk2
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ കെ രാധാകൃഷ്ണന്‍ എംപിക്ക് വീണ്ടും സമന്‍സ് നല്‍കും. കഴിഞ്ഞദിവസം കെ രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കരുവന്നൂര്‍ തട്ടിപ്പ് നടക്കുമ്പോള്‍ സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്നു കെ രാധാകൃഷ്ണന്‍. ഇക്കാരണത്താലാണ് കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.
ഇഡി സമന്‍സ് ലഭിച്ചതായി എംപിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. പതിനേഴിന് രാധാകൃഷ്ണന്‍ ഇഡിക്ക് മുന്നില്‍ ഹാജരായേക്കുമെന്ന് സൂചനയുണ്ട്. കേസില്‍ അവസാന ഘട്ട കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് കെ രാധാകൃഷ്ണനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്.
സമന്‍സ് വിശദമായി പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്ന് അദേഹം വ്യക്തമാക്കി. അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി ഇഡി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ചില നേതാക്കളെ ചോദ്യം ചെയ്യാനുണ്ടെന്നും തൃശൂരിലെ രണ്ട് പ്രമുഖ നേതാക്കളെ അടക്കം പ്രതി പട്ടികയിലേക്ക് കൊണ്ടുവരുന്നതിനുമാണ് ഇഡി കേന്ദ്രത്തെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കെ രാധാകൃഷ്ണന് സമന്‍സ് അയച്ചിരിക്കുന്നത്.